കോതമംഗലം: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിൻസെന്റ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തി. പ്രൊവിൻസിന്റെ പരിധിയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങൾക്കൊപ്പമാണ് ആഘോഷം നടന്നത്.
ചാപ്പലിൽ ഒരുമിച്ചുള്ള പ്രാർഥനയ്ക്ക് ശേഷം വിവിധ കലാ പരിപാടികൾ, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
എസ്ഡി സന്യാസ സമൂഹത്തിന് അസ്ഥിത്വം നൽകുന്ന യജമാനന്മാരാണു തങ്ങളിൽ ദൈവം ഭരമേൽപ്പിച്ച അഗതികളെന്ന ബോധ്യമാണ് ഓരോ സന്യാസിനിയെയും നയിക്കുന്നതെന്നു പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ കൊച്ചുറാണി സന്ദേശത്തിൽ പറഞ്ഞു.
ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി 27ന് പ്രൊവിൻസിലെ വിവിധ മേഖലകളിൽ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്ന ശേഷിക്കാരുടെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും സംഗമം നടത്തും. നവംബർ 21നാണു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.